Tuesday, July 20, 2010

സര്‍ക്കാരുദ്യോഗം പാപമോ..!?

സര്‍ക്കാരുദ്യോഗം ഒരു കൊടും പാപവും സര്‍ക്കാര്‍ ജീവനക്കാരെല്ലാം മഹാ പാപികളാണെന്നുമുള്ള തരത്തിലുള്ള അഭിപ്രായങ്ങളും ആരോപണങ്ങളും പല ഭാഗത്തുനിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഈയടുത്തകാലത്തായി ചില മാധ്യമങ്ങളും ഇത്തരം പ്രചാരവേലകളുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. പലപ്പോഴും വസ്തുതാപരമോ ക്രിയാത്മകമോ ആയ വിമര്‍ശനങ്ങളല്ല ഉയരുന്നത് എന്നതാണു സങ്കടകരം. വെറുതേ, ഈ നാട്ടിലെ സകല സര്‍ക്കാര്‍ സ്ഥാപനങ്ങളും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ജനദ്രോഹത്തിന്റെയും കേന്ദ്രങ്ങളാണെന്നും സര്‍ക്കാര്‍ ജീവനക്കാരെല്ലാം കൃത്യവിലോപത്തിന്റെയും അഴിമതിയുടെയും ആള്‍‌രൂപങ്ങളാണെന്നുമുള്ള അന്ധമായ ചെളിവാരിയെറിയല്‍ മാത്രമായി ഇവ അധ:പതിച്ചിരിക്കുന്നു.

എന്താണു സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ പ്രശ്നം?
എപ്രകാരമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നമുക്ക് അസ്‌പൃശനായിത്തീരുന്നത്?

ഞാനും നിങ്ങളുമുള്‍പ്പെടുന്ന പൊതു സമൂഹത്തില്‍ നിന്ന് ചില വ്യവസ്ഥാപിതമായ യോഗ്യതകളും മാനദണ്ഡങ്ങളും മുന്‍‌നിര്‍ത്തി തെരഞ്ഞെടുക്കപ്പെടുന്നവരാണു ബഹുഭൂരിപക്ഷം സര്‍ക്കാരുദ്യോഗസ്ഥരും. (ആശ്രിതനിയമനപ്രകാരം ജോലിയില്‍ പ്രവേശിച്ച ഒരു ചെറിയ വിഭാഗവുമുണ്ട്). PSC ടെസ്റ്റെഴുതി പാസായി ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിച്ച് ആ കടമ്പയും കടന്നാണ് നാമിന്നു ചതുര്‍ഥി കാണുന്ന ഓരോ സര്‍ക്കാര്‍ ജീവനക്കാരനും അവന്റെ കസേരയിലെത്തിയിരിക്കുന്നത്. അവന്‍ അഥവാ അവള്‍ മറ്റൊരു സാമൂഹിക സാംസ്കാരിക പരിസരത്തുനിന്ന് നമ്മുടെ സമൂഹത്തിലേക്ക് അധിനിവേശം ചെയ്ത്, നമ്മെ ഭരിച്ചുമുടിക്കാന്‍ എത്തിയതല്ല. പ്രത്യുത, ഈ സമൂഹത്തിലെ ഒരു കുടുംബത്തില്‍ ജനിച്ച്, മിക്കവാറും സര്‍ക്കാര്‍ വിദ്യാലയത്തില്‍ തന്നെ പഠിച്ചു വളര്‍ന്ന് പരീക്ഷകള്‍ പാസായി പൊതുവിജ്ഞാനവും സമകാലികവിജ്ഞാനവുമൊക്കെ ആര്‍‌ജ്ജിച്ചെടുത്ത് മത്സരപ്പരീക്ഷയിലൂടെ ജോലി നേടിയ വ്യക്തിയാണ്. അയാള്‍ നമ്മുടെ കുടുംബത്തിന്റെ/സമൂഹത്തിന്റെ തന്നെ ഭാഗമാണ്. ഒരു സര്‍ക്കാര്‍ ജീവനക്കാരനായി എന്നതുകൊണ്ടു മാ‍ത്രം അവനെങ്ങനെ പൊതുസമൂഹത്തിന് ശത്രുവായി മാറുന്നു?

ഒരു സാധാരണ കേരളീയനെ, പ്രത്യേകിച്ച് തിരുവിതാംകൂറുകാരനെ സംബന്ധിച്ചിടത്തോളം കൌമാരകാലം പിന്നിടുമ്പോള്‍ മുതല്‍ അവന്‍ കാണുന്ന സ്വപ്നങ്ങളിലൊന്ന് ഒരു സര്‍ക്കാരുദ്യോഗസ്ഥനാവുക എന്നതു തന്നെയാണ്. സര്‍ക്കാരുദ്യോഗം നല്‍കുന്ന മെച്ചപ്പെട്ട വേതനം, സമയബന്ധിതമായ ജോലിക്കയറ്റ സാധ്യത, തൊഴില്‍ദിന-അവധിദിന വ്യവസ്ഥകള്‍ തുടങ്ങി മെച്ചപ്പെട്ട വിവാഹാലോചന വരെ നീളുന്ന നിരവധി ഘടകങ്ങള്‍ ഈ സ്വപ്നം കാണാന്‍ അവനെ പ്രേരിപ്പിക്കുന്നുണ്ട്. (ഒരു സര്‍ക്കാരുദ്യോഗം സ്വന്തമാക്കുന്നത് ഇപ്പറയുമ്പോലെ അത്ര ലളിതമായ കാര്യമല്ലെന്നും അറിയുക. തീവ്രമായ പഠനവും പരിശ്രമവും വിവരങ്ങള്‍ അനുദിനം പുതുക്കുവാനുള്ള (Update) നിരന്തരമായ താല്പര്യവുമെല്ലാം അതിനാവശ്യമാണ്). സര്‍ക്കാരുദ്യോഗത്തിന് ഈ ഗുണങ്ങളൊക്കെയുണ്ടെന്നത് അവനെയാരും പറഞ്ഞു പഠിപ്പിച്ചതല്ല. ഈ സമൂഹത്തില്‍ നിന്ന് കണ്ടും കേട്ടും മനസ്സിലാക്കുന്നതാണത്.

ഒരു ‘മാതൃകാ തൊഴില്‍ദാതാവ്’ എന്ന നിലയ്ക്ക് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ അനുവര്‍ത്തിക്കുന്നത് ഏതൊരു ഭരണസംവിധാനത്തിന്റെയും കടമയാണ്. ഒരു പരിഷ്‌കൃത സമൂഹത്തിനു തികച്ചും യോജിച്ച നടപടിയുമാണത്. അറിഞ്ഞോ അറിയാതെയോ സ്വകാര്യമേഖലയും ഇതിനു സമാനമായ സേവനവേതന വ്യവസ്ഥകള്‍ സ്വീകരിക്കാന്‍ നിര്‍ബദ്ധരാകുമെന്നതാണു ഇതിന്റെ മുഖ്യഗുണം. ഉദാഹരണത്തിനു കെ.എസ്.ആര്‍.ടി.സി.യുടെ കാര്യമെടുക്കാം. കുറച്ചുകാലം മുന്‍പ്, അന്നത്തെ സാമൂഹികസ്ഥിതിയനുസരിച്ച് മെച്ചപ്പെട്ട ശമ്പളമായിരുന്നു കെ.എസ്.ആര്‍.ടി.സിയില്‍. അന്ന് സ്വകാര്യട്രാന്‍സ്പോര്‍‌ട്ട് തൊഴിലാളികള്‍ക്കും അതിനോടടുത്ത വേതനം ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന്, നഷ്ടക്കണക്കുകള്‍ അട്ടിയിട്ടു പെരുകിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി നല്‍കുന്ന ശമ്പളം തുലോം ചെറുതായിമാറി. 110രൂപ ദിവസശമ്പളത്തില്‍ താല്‍ക്കാലികമായി ആളെടുത്തു തുടങ്ങി. തല്‍ഫലമായി സ്വകാര്യ ബസ് തൊഴിലാളികളുടെ ശമ്പളവും തുശ്ചമായി മാറി.

സര്‍ക്കാരുദ്യോഗസ്ഥന്‍ അവനുകിട്ടുന്ന ഭീമമായ ശമ്പളം ബാങ്കുകളില്‍ നിക്ഷേപിച്ച്, ആ നിക്ഷേപം വളര്‍ന്നു പെരുകി അവനൊരു കോടീശ്വരനായി മാറുന്നതരത്തിലുള്ള വാദങ്ങളാണുയരുന്നത്. ചരിത്രം മറക്കരുത്. 2002ല്‍ ശ്രീമാന്‍. എ.കെ.ആന്റണി കേരളാമുഖ്യനായിരുന്ന കാലത്ത് ട്രഷറി നിയന്ത്രണവും ശമ്പളം നല്‍കാന്‍ കാലതാമസവുമുണ്ടായിരുന്നു. അന്നു കഷ്ടപ്പെട്ടത് മാസവരുമാനക്കാരനായ സര്‍ക്കാരുദ്യോഗസ്ഥന്‍ മാത്രമായിരുന്നില്ല. വ്യാപാരികളും കൂലിപ്പണിക്കാരും നിര്‍മ്മാണത്തൊഴിലാളികളും ഉള്‍പ്പെടുന്ന പൊതു സമൂഹമാകെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ കാലമായിരുന്നു അത്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍, ഏറ്റവും പ്രധാന തൊഴില്‍ദാതാവായ സര്‍ക്കാര്‍ അതിന്റെ ജീവനക്കാര്‍ക്കുനല്‍കുന്ന മെച്ചപ്പെട്ട വേതനത്തിനു മുഖ്യസ്ഥാനമുണ്ടെന്നത് ചരിത്രപാഠമാണ്.

സര്‍ക്കാര്‍ ജീവനക്കാരന്‍ അവനു ലഭിക്കുന്ന ഓരോ നാണയത്തുട്ടിനും കണക്കുനല്‍കുവാന്‍ ബാധ്യസ്ഥനാണെതും മറക്കരുത്. വരുമാന നികുതിയും, തൊഴില്‍ നികുതിയുമെല്ലാം അവനു ശമ്പളം നല്‍കുമ്പോള്‍ തന്നെ പിടിക്കപ്പെടുന്നു. ഏതൊരു നിമിഷവും ഓഡിറ്റിങ്ങിനു വിധേയമാണ് അവന്റെ കണക്കുകളെല്ലാം. ഈ സമൂഹത്തില്‍ കൃത്യമായി വരുമാനനികുതിയും വില്‍പ്പനനികുതിയും നല്‍കുന്ന വ്യാപാരികളും വ്യവസായികളും എത്രയുണ്ടെന്ന് നമുക്കൊക്കെ അറിയാം. വിദേശ‌ഇന്ത്യാക്കാരന്, അവനെത്ര ഭീമമായ വേതനം പറ്റുന്നവനാണെങ്കില്‍ക്കൂടി ഒരു പൈസപോലും വരുമാനനികുതി ഒടുക്കേണ്ടതില്ല എന്നതും ഓര്‍ക്കുക. സര്‍ക്കാര്‍ ജീവനക്കാരന്റെ മിച്ചവരുമാനമാകെ നിക്ഷേപിക്കപ്പെടുന്നത് ഇന്ത്യയില്‍തന്നെയാണെന്നതും മുഖ്യമാണ്.

സര്‍ക്കാര്‍ജീവനക്കാര്‍ക്കിടയില്‍ ആശ്രിതനിയമനവും പ്രസവാവധിയും നല്‍കുന്നുവെന്നതാണ് മറ്റൊരാക്ഷേപം. തന്റെ കുടുംബത്തിനും വൃദ്ധരായ മാതാപിതാക്കള്‍ക്കും താങും തണലുമായിരുന്ന വ്യക്തി അകാലത്തില്‍ പൊലിഞ്ഞുപോകുമ്പോള്‍ ആ കുടുംബത്തെ സംരക്ഷിക്കുകയെന്നത് ഒരു പരിഷ്കൃതസമൂഹത്തിലെ ഉത്തരവാദമുള്ള തൊഴില്‍ദാതാവെന്ന നിലയില്‍ ഏറ്റവും മാതൃകാപരമാണ്. ആരോഗ്യമുള്ള ഭാവിതലമുറയുടെ സൃഷ്ടിക്കായി വേണ്ട പരിരക്ഷ നല്‍കുന്നതിന്റെ ഭാഗമാണു പ്രസവാവധിയും.

കണക്കുകള്‍ പ്രകാരം 2001ല്‍ കേരളത്തിന്റെ പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരുടെ എണ്ണം 6,51,241 ആയിരുന്നു. അത് 2009ല്‍ 6,07,647 ആയി. 8 കൊല്ലം കൊണ്ട് പൊതുമേഖലാ ജീവനക്കാരുടെ എണ്ണത്തില്‍ 43,594 പേരുടെ കുറവുണ്ടായെന്നു സാരം. അത്രയും തസ്തികകള്‍ വെട്ടിച്ചുരുക്കപ്പെട്ടു. സ്വാഭാവികമായും ജനസംഖ്യ ഉയര്‍ന്നിരിക്കുമല്ലോ. ചുരുങ്ങിയതു 30 ലക്ഷമെങ്കിലും ഇക്കാതയളവിനുള്ളില്‍ കൂടിയിരിക്കും. അപ്പോള്‍, സര്‍ക്കാര്‍ ജീവനക്കാരനു ജോലിഭാരം കുറവാണെന്ന വാദത്തിന്റെയും മുനയൊടിയുന്നു.

ഏറ്റവും പ്രധാനവും, വ്യാപകവുമായ ആരോപണം ഇതൊന്നുമല്ല. അഴിമതിയുടെ കൂത്തരങ്ങാണു സര്‍ക്കാര്‍ സര്‍വ്വീസ്. സര്‍ക്കാര്‍ ജീവനക്കാരെല്ലാം അഴിമതിക്കാരാണ്, ഒരാളോടും നന്നായി പെരുമാറില്ല, കൈക്കൂലി കൊടുക്കാതെ ഒരു കാര്യവും നടക്കില്ല, പണം മാത്രമല്ല മദ്യവും ‘വേറെ ചിലതു’മൊക്കെ നല്‍കിയാലേ കാര്യം നടക്കൂ... എന്നിങ്ങനെ പോകുന്നു ആരോപണപ്പെരുമഴ. നേരത്തേ ചോദിച്ച ചോദ്യം തന്നെ ആവര്‍ത്തിക്കട്ടെ. ഈ സര്‍കാരുദ്യോഗക്കാരന്മാരെല്ലാം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചുണ്ടായതൊന്നുമല്ലല്ലോ? ഈ സമൂഹത്തിന്റെതന്നെ ഭാഗമെന്ന നിലയില്‍ ആ സമൂഹത്തിലെ ചതിവും വഞ്ചനയും കുതികാല്‍‌വെട്ടും നിസ്സഹകരണപ്രവണതയുമെല്ലാം ഈ സര്‍ക്കാരുദ്യോഗസ്ഥന്മാരില്‍ ചിലരെങ്കിലും പിന്തുടര്‍ന്നാല്‍, അവര്‍ക്കു ജന്മവും വളരുവാന്‍ വെള്ളവും വളവും നല്‍കിയ ഈ സാമൂഹിക വ്യവസ്ഥിതിക്കും അതിലൊരു പങ്കില്ലേ..? അഴിമതി തെറ്റലെന്നല്ല ഇപ്പറയുന്നത്. നീതിന്യായ വ്യവസ്ഥ ശക്തമായ ഈ രാജ്യത്ത് ഇങ്ങനെ അഴിമതിയും കെടുകാര്യസ്ഥതയും പുലര്‍ത്തുന്നവര്‍ക്കെതിരേ പ്രതികരിക്കാനും, അങ്ങനെയുള്ളവരെ ഒരു സാമൂഹിക ശാപമായി തിരിച്ചറിഞ്ഞ് കുരുക്കിലാക്കുവാനും ഒരു നൂറു മാര്‍ഗ്ഗങ്ങളുണ്ട്. ഭരണസംവിധാനത്തിന്റെതന്നെ ഭാഗമായ വിജിലന്‍‌സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ മുതല്‍ വിവരാവകാശ നിയമവും സോഷ്യല്‍ ഓഡിറ്റിങ്ങും നീതിന്യായകോടതികളും വരെ അതു നീളുന്നു. ഇവയെയൊന്നും ഉപയോഗിക്കാതെ, എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ചീത്തയാണെന്ന് അടച്ചാക്ഷേപിക്കുന്നത് ഒട്ടും ആശാസ്യമല്ലതന്നെ.

ഇതിനൊക്കെ മുമ്പ് വേണ്ടത് കൈക്കൂലി നല്‍കില്ല എന്ന ഉറച്ച നിലപാടാണ്. ഈ ആരോപണക്കാരാരെങ്കിലും ഇങ്ങനെയൊരു ഉറച്ച നിലപാടെടുക്കാന്‍ തയ്യാറാകുമോ..?

ഇങ്ങനെ തീവ്രമായും അതിനിശിതമായും പൊതുമേഖലയെ വിമര്‍ശിക്കുന്നവര്‍ ഒരു മറു മരുന്നായി ചൂണ്ടിക്കാണിക്കുന്നത് സ്വകാര്യതൊഴില്‍ മേഖലകളെയും സ്വകാര്യവത്കരണത്തെയുമാണ്. സ്വകാര്യ മേഖലയിലെ ജോലിയുടെ കാര്യക്ഷമത, ഉപഭോക്താവിനോട്/പരാതിക്കാരനോടുള്ള ബഹുമാനം, സമയബന്ധിതമായ പ്രതികരണം, മാന്യവും മധുരവുമായ പെരുമാറ്റം എന്നിങ്ങനെ പോകുന്നു അപദാനങ്ങളുടെ വര്‍ണ്ണന. പുറമേയുള്ള ഈ വര്‍ണ്ണപ്പൊലിമയ്ക്കു പിന്നില്‍ മറഞ്ഞുകിടക്കുന്ന ചിലതുണ്ട്. വിദ്യാര്‍ഥികളില്‍ നിന്ന് കുറേ ലക്ഷങ്ങള്‍ അഡ്‌മിഷന്‍ ഫീസ്/കോഴയായും ഇനിയും കുറേ ലക്ഷങ്ങള്‍ ട്യൂഷന്‍ ഫീസായും വാങ്ങി ‘പൊതുജന സേവനം’ നടത്തുന്ന; പള്ളിയും പട്ടക്കാരും മുതല്‍ ജാതി മേലാളന്മാര്‍ വരെ അദ്ധ്യക്ഷന്മാരായ സ്വകാര്യ/സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
4 വര്‍ഷം B Tech ഉം തുടര്‍ന്ന് 2 വര്‍ഷം M Techഉം പഠിച്ച് നമുടെ സ്വാശ്രയ എഞ്ചിനിയറിങ്ങ് കോളെജുകളില്‍ അദ്ധ്യാപകരായെത്തുന്നവര്‍ക്ക് (മികച്ച റിസള്‍ട്ടിനായി അവരുടെ നീരൂറ്റിക്കുടിച്ച ശേഷം) മാനേജ്മെന്റ് നല്‍കുന്നത് 5000-8000 രൂപ. 3 വര്‍ഷം ഡിഗ്രിയും 2 വര്‍ഷം പിജിയും തുടര്‍ന്ന് 1-2 കൊല്ലം ബി‌എഡും പഠിച്ച് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അടിമപ്പണിയെടുക്കുന്ന ടീച്ചറിനു കിട്ടുന്നതോ 3000-4000 രൂപ. കണക്കുകൂട്ടിയാല്‍ ഇതിന്റെയൊക്കെ ഇരട്ടിയും മൂന്നിരട്ടിയും കിട്ടും 500 രൂപ ദിവസശമ്പളം വാങ്ങുന്ന നാട്ടുമ്പുറത്തെ മരപ്പണിക്കാരന്.

ഇത്തരം സ്വകാര്യ സംരംഭകര്‍, ഈ രാജ്യത്തിന്റെ ഭരണഘടന പിന്നാക്കവിഭാഗങ്ങള്‍ക്കനുവദിച്ചിട്ടുള്ള യാതൊരുവിധ സംവരണാനുകൂല്യങ്ങളും നല്‍കുന്നില്ലെന്നതും വിസ്മരിക്കരുത്. നമ്മുടെ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കിടയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ പ്രാതിനിധ്യം എത്രത്തോളമുണ്ടാകുമെന്നത് ഇനിയും പഠനവിധേയമാക്കേണ്ടുന്ന വിഷയമാണ്. അതു തീരെ തുശ്ഛമായിരിക്കുമെന്നുറപ്പുമാണ്.
ഇങ്ങനെയൊക്കെയാണ് മധുരമനോജ്ഞ സ്വാശ്രയചരിതം.

ഇതിനോടനുബന്ധമായി ഒന്നു കൂടിയുണ്ട്. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കുന്നുവെന്ന വാര്‍ത്ത പരക്കുമ്പോള്‍ ആശങ്കയും പ്രതിഷേധവുമുയരുന്നത് ജീവനക്കാരന്റെയും അവന്റെ ട്രേഡ്‌യൂണിയനുകളുടെയും ഭാഗത്തുനിന്നു മാത്രമാണ്. ഇത്തരം നവ നയങ്ങള്‍ എങ്ങനെയാവും തങ്ങളുടെ ഭാവിജീവിതത്തെ ബാധിക്കുകയെന്നതിനെപ്പറ്റി നമ്മുടെ പൊതു സമൂഹത്തിന് തെലും ആശങ്കയില്ല. ആശങ്കയില്ലെന്നതിലുപരി, നിഗൂഢമായ ഒരുതരം സന്തോഷമാണ് ഇത്തരം വാര്‍ത്തകള്‍ അവരില്‍ ജനിപ്പിക്കുന്നത്. “അവനൊക്കെ പതിനായിരങ്ങള്‍ ശമ്പളം പറ്റി വെറുതേയിരുനു സുഖിക്കുകയാണ്. അവനിതുതന്നെ വരണം” എന്ന ഭാവം. ഏറ്റവും പുതിയ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. കേന്ദ്രഗവണ്മെന്റ് പാസാക്കിയ വൈദ്യുതിനിയമം-2003 പ്രകാരം നമ്മുടെ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (KSEB) എന്ന പൊതുമേഖലാ സ്ഥാപനം കമ്പനിയാകാന്‍ പോവുകയാണ്. അനതിവിദൂര ഭാവിയില്‍ തന്നെ സ്വകാര്യവല്‍ക്കരണവും പ്രതീക്ഷിക്കാം. ഈ നീക്കം, കേവലം 26,000 പേരോളം മാത്രം വരുന്ന KSEB ജീവനക്കാരെമാത്രം ബാധിക്കുന്ന ഒന്നല്ല. ദൈനംദിന ആവശ്യത്തിന്റെ 45% ഓളം വൈദ്യുതി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുന്ന സംസ്ഥാനമാണു കേരളം. മിക്കപ്പോഴും യൂണിറ്റിന് 10-12 രൂപയ്ക്ക് പുറത്തുനിന്നും വാങ്ങിയാണ് 2-3 രൂപയ്ക്ക് സാധാരണക്കാരനു നല്‍കുന്നത്. പൊതുമേഖലാ സ്ഥാപനമെന്ന നിലയ്ക്ക്, ജനസേവനത്തിന്റെ ഭാഗമായി KSEB ഈ നഷ്ടം സഹിക്കും. എന്നാല്‍ ഒരു സ്വകാര്യകമ്പനി നഷ്ടം സഹിച്ചുകൊണ്ട് വൈദ്യുതി നല്‍കുമെന്നു കരുതുന്നുണ്ടോ? ജീവനക്കാരന്റെ ജോലിഭാരം കൂടും, കാര്യക്ഷമത വര്‍ദ്ധിക്കും എന്നൊക്കെയുള്ള വാദങ്ങള്‍ അംഗീകരിക്കുമ്പോള്‍ കൂടി അവന്റെ ശമ്പളത്തിലോ ആനുകൂല്യങ്ങളിലോ കുറവു വരാനിടയില്ല. എന്തൊക്കെയായാലും അധികഭാരം ജനങ്ങളിലാവും അടിച്ചേല്‍പ്പിക്കപ്പെടുക. ഇന്നു നല്‍കുന്നതിന്റെ രണ്ടും മൂന്നും ഇരട്ടി കറണ്ടുചാര്‍ജ്ജ് വല്‍കേണ്ടിവരും. ഇത്തരം നടപടികള്‍ക്കെതിരേ പൊതുജനം പ്രതികരിക്കാന്‍ മടിക്കുന്നുവെന്നത് തികച്ചും ആശങ്കാജനകമാണ്.

നമ്മുടെ പൊതുമേഖലയും സര്‍ക്കാര്‍ സര്‍വ്വീസുമെല്ലാം സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ പൊതുസമൂഹത്തിന്റെ തന്നെ ആവശ്യമായി തിരിച്ചറിയപ്പെടണം. അന്ധമായി ചെളിവാരിയെറിയുന്നതുകൊണ്ടുമാത്രം ആര്‍ക്കും ഒരു പ്രയോജനവുമുണ്ടാകാന്‍ പോകുന്നില്ല. ഗവണ്മെന്റ് സര്‍വ്വീസിന്റെയും പൊതുമേഖലയുടെയും പ്രവര്‍ത്തനത്തിലെ കുറവുകള്‍ പരിഹരിക്കുവാനും പുഴുക്കുത്തുകള്‍ ഇല്ലായ്മ ചെയ്യുവാനും ഗുണമേന്മ മെച്ചപ്പെടുത്തുവാനുമുള്ള ക്രിയാത്മകവും ഭാവനാപൂര്‍ണ്ണവുമായ ബദല്‍നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തന മാതൃകകളുമാണുണ്ടാവേണ്ടത്. ജനാധിപത്യം ഈ നാട്ടിലെ പൌരന് അനുവദിച്ചിട്ടുളള സകല ആയുധങ്ങളുമെടുത്ത് അഴിമതിക്കെതിരേ പോരാടുകയാണു വേണ്ടത്.
അത്തരം തീവ്രമായ പോരാട്ടങ്ങളാണ് അധസ്ഥിതരും അടിമകളുമായിരുന്ന നമ്മളെ ഇന്നത്തെ നമ്മളാക്കിയതെന്ന് മറക്കരുത്.

Saturday, November 18, 2006

പറയാതെ പോയവ !

കുറേ നാളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്. ഒന്നിലും സ്ഥിരമായി മനസ്സുറച്ചില്ല. ചിലപ്പോള്‍ ഇങ്ങനെയാണ് പലതും മനസ്സില്‍ വന്നു പോകും, അല്ലെങ്കില്‍ മനസ്സു പല വിഷയങ്ങളിലൂടെയും ചുറ്റിത്തിരിയും. ഒന്നിലുമുറയ്ക്കാതെ... ഒരുതരം ആശയ ദാരിദ്ര്യം.

കഴിഞ്ഞ ദിവസങ്ങളില്‍ മനസ്സില്‍ വന്നുപോയ ചിന്തകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. അധികവും മറന്നു, ചിലതൊക്കെ ഓര്‍മ്മിച്ചെടുത്തു.
ആദ്യം എഴുതണമെന്നു കരുതിയത് നടി ശ്രീവിദ്യയുടെ ജീവിതം മരണശേഷം ചിലര്‍ മാര്‍ക്കറ്റു ചെയ്തതിനെപ്പറ്റിയാണ്. സ്വകാര്യജീവിതം ഒട്ടുമുക്കാലും ശ്രീവിദ്യയ്ക്ക് ദുരിതമയമായിരുന്നു, കാഴ്ച്ചക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും ചൂടുള്ള സംസാരവിഷയവും!
അവരുടെ മരണശേഷവും ആ ജീവിതം വിറ്റു കാശാക്കി. മനോരമയുടെ ആഴ്ച്ചപ്പതിപ്പിന്റെ പരസ്യം തന്നെ ശ്രീവിദ്യയുടെ ജീവിതത്തിലെ ദുരിതകഥകളുടെ പുനര്‍വായന ഈ ലക്കം എന്നതായിരുന്നു. ചിലതു ചീഞ്ഞാല്‍ ഇങ്ങനെയും വളമാക്കാമെന്ന് നമ്മുടെ മാധ്യമങ്ങള്‍ കാണിച്ചു തരുന്നു.
പിന്നെയും കുറേ വിഷയങ്ങളില്‍ മനസ്സ് അലഞ്ഞു തിരിഞ്ഞു.

കേരളത്തിലെ സ്കാനിങ്ങ് സെന്ററുകള്‍ നടത്തുന്ന പകല്‍ക്കൊള്ളയെപ്പറ്റിയും എഴുതണമെന്നു കരുതിയതാണ്. ഈയിടെ എന്റെ ഒരു ബന്ധുവിനെയും കൊണ്ട് നഗരത്തിലെ പ്രമുഖ സ്കാനിംഗ് സെന്ററില്‍ പോയി. സ്കാനിംഗ് സെന്ററിന്റെ പേരും വിലാസവും വഴിയുമൊക്കെ കൃത്യമായി ഡോക്ടര്‍ കുറിച്ചുതന്നിരുന്നു. MRIസ്കാനാണ് ചെയ്യേണ്ടത്. ബില്ലെഴുതിത്തന്നു- 6000രൂപ. അടച്ചു, സ്കാന്‍ ചെയ്തു. റിസള്‍ട്ടുകിട്ടാന്‍ താമസം നേരിടുമെന്നതിനാല്‍ പുറത്തിറങ്ങി ഒരു ചായ കുടിക്കാന്‍. എതിര്‍ വശത്തെ മതിലില്‍ ഒരു പോസ്റ്റര്‍, AIYF വക. IMA അംഗീകരിച്ച സ്കാനിംഗ് നിരക്കുകള്‍ എന്ന തലക്കെട്ടിനു താഴെ വിവിധ നിരക്കുകള്‍. MRI സ്കാനിന് 3000 രൂപയാണത്രെ അംഗീകൃത നിരക്ക്. അല്‍പ്പം മുമ്പ് ഞാന്‍ അടച്ചത്? 6000 രൂപ!. ഇതാണത്രേ ലാബ് മുതലാളിമാരുടെ ‘അംഗീകൃത’ നിരക്ക്. കുറിപ്പെഴുതുന്ന ഡോക്ടര്‍ക്കാണ് ഇതില്‍ ആയിരം രൂപ. എനിക്ക് കാശുണ്ടായിരുന്നതു കൊണ്ടു ഞാന്‍ അടച്ചു. പണമില്ലാത്ത ഒരു സാധാരണക്കാ‍രന്റെ അവസ്ഥ ചിന്തിച്ചു നോക്കൂ. എന്തു ചിന്തിക്കാന്‍ അല്ലേ!? പാവപ്പെട്ടവന്റെ ജീവനെന്തു വില! പുല്ലു വില!!

Sunday, October 01, 2006

അശ്വമേധക്കാരന്‍ ആ‍ദിത്യാ... നന്ദി...

ആദിത്യന്റെ സഹായം കൊണ്ട് എന്റെ റ്റെമ്പ്ലേറ്റും മലയാളിയായി
നന്ദി...
അരുവിക്കരക്കാരന്‍
friendvipin@gmail.com

Wednesday, September 27, 2006

ഒ.എന്‍.വി ക്ക് 75 വയസ്.... ദീര്‍ഘായുസ്സു നേരാം...

പ്രിയമുള്ള കൂട്ടുകാരേ
മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പിന് 75 വയസ്സു തികഞ്ഞിരിക്കുന്നു.
സമകാലിക മലയാള കവിതാലോകത്ത് അദ്ദേഹത്തിനു തുല്ല്യന്‍ ആരുണ്ട് ?

“വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചു കൂടി നാം
വേദനകള്‍ പങ്കുവയ്ക്കുന്നു
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു
കൊച്ചു സുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു
വച്ചു പല്ലാങ്കുഴി കളിക്കുന്നു
വിരിയുന്നു കൊഴിയുന്നു യാമങ്ങള്‍!-നമ്മളും
പിരിയുന്നു യാത്ര തുടരുന്നു

മായുന്ന സന്ധ്യകള്‍മടങ്ങിവരുമോ- പാടി
മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ?
എങ്കിലും സന്ധ്യയുടെ കയ്യിലെ സ്വര്‍ണ്ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍ തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൌന
പാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്റെ മാറാപ്പിലു,ണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നു...” (പാഥേയം)

പ്രിയമുള്ള കവീ അങ്ങയുടെ യാത്ര സഹൃദയരുടെ മനോവീഥികളിലൂടെ അനുസ്യൂതം തുടരട്ടെ.... സര്‍വ്വേശ്വരന്‍ ആയുസ്സും ആരോഗ്യവും നല്‍കട്ടെ....

വിപിന്‍ friendvipin@gmail.com

Friday, September 01, 2006

അരുവിക്കരയിലും ഓണമെത്തി...

പ്രിയമുള്ള ബൂലോകരേ...
വീണ്ടുമൊരോണം പടികടന്നെത്തുമ്പോള്‍ എന്തുണ്ട് മനസ്സില്‍ ബാക്കി ?
ആനന്ദമോ അതോ ഒരുതരം താല്പര്യക്കുറവോ? ആ പഴയ ഓണനാളുകള്‍ ഇനി മടങ്ങി വരുമെന്നു കരുതാനാവുമോ?
പതിവു പോലെ അരുവിക്കരയിലും ഓണമെത്തി. ടൂറിസം വകുപ്പു വക ഒരു ഗാനമേള, ഒരു മിമിക്സ്, ഒരു നാടകം, കൂടെ ഒരു കഥാപ്രസംഗവും!. കാഥികന്‍ കമ്മിറ്റി അംഗങ്ങളുടെ മുഴുവന്‍ കാലു പിടിക്കേണ്ടി വന്നു ഒരു സ് റ്റേജൊപ്പിച്ചെടുക്കാന്‍. പിന്നെ ചാനലുകളെല്ലാം ഓണവും മാവേലിയെയും ഒക്കെ വിറ്റു കാശാക്കിക്കൊന്ദിരിക്കുകയാണല്ലൊ?
ഇതാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞങ്ങളുടെ ഓണം........

എന്തൊക്കെയായാലും ഓണം കുറേ പ്രത്യാശകള്‍ പങ്കുവയ്ക്കുന്നുണ്ട്.
ആ പ്രത്യാശകള്‍ ഓരൊ ഓണവും കാത്തിരിക്കാന്‍ നമ്മളെയൊക്കെ പ്രേരിപ്പിക്കുന്നു.
ഓണാശംസകള്‍.........

Thursday, August 17, 2006

അരുവിക്കരക്കാരനും “ബൂലോകത്തിലെത്തീ.......

പ്രിയമുള്ളവരേ
നിങ്ങളുടെയൊപ്പം ഇനി ഞാനുമുണ്ട് വിശേഷങ്ങള്‍ പങ്കുവയ്ക്കാ‍ന്‍..
എനിക്കും വേണം ഈ ബൂലോകത്തിലൊരിടം...
അരുവിക്കരക്കാരന്‍...